ആദ്യമായി കടലുകടന്ന് ചെന്നെത്തിയ തീരം. ഒരിക്കൽ നങ്കൂരമിറക്കിയാൽ ഒരു നാൾ അത് തിരികെ വലിച്ചുകയറ്റി, തിരകൾ നയിക്കുന്നതിനെതിരേ, ചിലപ്പോൾ കാറ്റിനും കോളിനും എതിരേ നീങ്ങേണ്ടിവരുമെന്ന് ആ തീരത്ത് കാലുകുത്തിയ നാൾ തന്നെ എനിക്ക് അറിയാമായിരുന്നു. എങ്കിലും അതൊക്കെ ഒരുപാട് കാലം കഴിഞ്ഞല്ലേ എന്ന് ഞാൻ ആശ്വസിച്ചു.
കണ്ണടച്ച് സ്വപ്‌നങ്ങൾ കണ്ടു. കണ്ണുതുറന്ന് ഓർമകൾ മെനഞ്ഞു. ചിരിച്ചും കരഞ്ഞും ജീവിതത്തിന്റെ നല്ല ഒരുപാട് നാളുകൾ ഞാനവിടെ ഞാനായിത്തന്നെ ജീവിച്ചു.
ഞാൻ പറയുന്നത് നീരസമില്ലാതെ കേട്ടിരിക്കുന്നവർ. എന്നെ ചേർത്തുപിടിച്ച് വീഴാതെ കൊണ്ടുനടന്നവർ. കണ്ണീരും കിനാവും പുഞ്ചിരിയുമെല്ലാം പങ്കിട്ടവർ. ഞങ്ങൾ അവിടെ ഞങ്ങളുടെ ലോകം പണിതു.
എന്നിലെ എന്നെ തിരിച്ചറിഞ്ഞ ഒരുപാട് ഇടങ്ങൾ. കൂട്ടായും ഒറ്റയ്ക്കും ഒക്കെ ജീവിച്ചു തീർത്ത ഓരോ കോണുകളിലും ഞാനെന്റെ ഹൃദയത്തിന്റെ ഓരോ കഷ്ണം ഇളക്കിയിട്ടിട്ട് അവിടത്തെ ഒരു ഭാഗം വീതം എന്റെ ഹൃദയത്തോട് കൂട്ടിച്ചേർക്കുകയായിരുന്നു.
കണ്ണടച്ച് തുറന്ന പോലെ മഹാമാരിയും വർഷങ്ങളും കടന്നുപോയി. ഈ തീരത്തോട് വിടപറയാൻ നേരമായി. ഞാൻ വീണ്ടുമാ വേർപിരിയൽ കഴിയുവോളം നീട്ടിവെച്ചു. കുഞ്ഞോടങ്ങളിൽ ചെറു ദൂരങ്ങൾ പോയി മടങ്ങി വന്നു. എങ്കിലും ഇവിടം വിട്ട് പോകാൻ മനസ്സ് മുഴുവനായും തയ്യാറാവില്ല എന്ന് മനസ്സിലായ നിമിഷം, വറ്റിച്ച കണ്ണീർത്തടങ്ങൾ വീണ്ടും നിറഞ്ഞിരുന്നു.
പിന്നെ ഒന്നും ആഴത്തിൽ മനസ്സിലാക്കാനോ മിന്നിമായുന്ന വികാരങ്ങളെ വിചാരണ ചെയ്യാനോ സമയം നൽകാതെ ഞാൻ പാഞ്ഞു.
ആദ്യം ആ ഭാരിച്ച നങ്കൂരം തിരികെയെടുക്കാൻ കഴിയാത്ത പോലെ തോന്നി. ഞാനത് ഒറ്റയ്ക്ക് തന്നെ കപ്പൽത്തട്ടിലേക്ക് വലിച്ചു കയറ്റിയിട്ടു. എന്നിട്ടും കപ്പൽ അനങ്ങുന്നില്ല.
ഒടുവിലായി ഞാൻ വീണ്ടുമെന്റെ ഹൃദയത്തിന്റെ ഒരു കഷ്ണം മുറിച്ചെടുത്തു. ബാക്കിയായ കണ്ണീരൊക്കെയും അതിന്റെയൊപ്പം ചേർത്ത് ഞാൻ തീരത്ത് കൊണ്ടിട്ടു. അതുപോലുള്ള ഒരുപാട് ഹൃദയക്കഷ്ണങ്ങൾ അവിടെയുണ്ടായിരുന്നു. ഓർമ്മമീനുകൾ തിരകളെ മുത്തി നീന്തിക്കൊണ്ടിരുന്നു.
Write a comment ...